Wednesday, January 19, 2011

അച്ഛന്‍ പെരുംതച്ചന്‍ !!

                                      അന്നും പതിവ് പോലെ അച്ഛന്‍ ഉച്ച തിരിഞ്ഞു വീട്ടില്‍ എത്തി, ഭക്ഷണത്തിന് ശേഷം ഉച്ച മയക്കം ! ഉറക്കത്തില്‍ നിന്നും അച്ഛനെ എഴുന്നേല്‍പ്പിക്കേണ്ട ഭാരിച്ച  ചുമതല എനിക്ക് തന്നെ . ഓരോ ദിവസവും ഓരോ തന്ത്രങ്ങള്‍ പ്രയോഗിച്ചാണ് അച്ഛനെ  ഉറക്കത്തില്‍ നിന്നും എഴുന്നെല്‍പ്പിക്കുന്നത് . സമാധാനത്തോടെ ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചെഴുന്നേല്‍പ്പിക്കേണ്ട എന്ന ദൌത്യം വളരെ ആസ്വദിച്ചാണ് ഞാന്‍ നിര്‍വഹിച്ചു പോന്നത് .
                       
              3 .30 നു വിളിച്ചു എഴുന്നെല്പ്പിക്കണം അതാണ്‌ നിബന്ദന . വീട്ടിലെ ടി. വി. ക്ക് മുകളില്‍ കാണുന്ന ചതുര ക്ലോക്ക് ഇല്‍ സമയം  3  കഴിഞ്ഞു... മൂന്ന് മണി മുതല്‍ ഞാന്‍ കൃത്യ നിര്‍വഹണം തുടങ്ങി . ഒപ്പം ടി. വി. ചാനല്‍സ് മാറ്റി മാറ്റി കാണുന്നുമുണ്ട്. ഒളിമ്പിക്സ് മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ട് ഓടിയ വേഗത്തില്‍  ഘടികാരത്തിലെ സൂചികള്‍ ഫിനിഷിംഗ് പോയിന്റ്‌ ഇല്‍ എത്താറായി . ഇത്രയും സമയമായിട്ടും അച്ഛന്‍ എഴുന്നേറ്റിട്ടില്ല. ഏല്‍പ്പിച്ച ജോലി വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇനി അഞ്ചു നിമിഷം മാത്രം. അര മണിക്കൂര്‍ മുന്‍പ് വിളിച്ചു തുടങ്ങിയിട്ടും എഴുന്നേല്‍ക്കാന്‍ ഭാവിക്കാത അച്ഛനെ തന്ത്രങ്ങള്‍ പ്രയോഗിച്ചു എഴുന്നെല്‍പ്പിക്കാനുള്ള സമയമായിരിക്കുന്നു. ഏല്‍പ്പിക്കുന്ന കാര്യം എങ്ങിനെയും മകള്‍ നിര്‍വഹിക്കും എന്ന കാര്യത്തില്‍ അച്ഛന് യാതൊരു സംശയവും ഇല്ല എന്നുള്ളത്   ആത്മാര്‍ഥമായ സേവനത്തിനു എനിക്കുള്ള പ്രോത്സാഹനമായി.

                           ക്ര്യത്യനിര്‍വഹണത്തില്‍ ഞാനും പോലീസുകാരെ പോലെ സ്വന്ധ ബന്ധങ്ങള്‍ നോല്‍ക്കാറില്ല. അമ്മയും അനിയനും ആകാംഷയോടെ നോക്കി ഇരുക്കുകയാണ്! രണ്ടും കല്‍പ്പിച്ചു ഞാന്‍ എഴുന്നേറ്റു അച്ഛന്‍ കിടക്കുന്ന കട്ടിലിനരികിലെയ്ക്ക് അവസാനമായി പതിനെട്ടാം അടവുമായി ചെന്നു. be ready for the battle  ഇനി എന്തും സംഭവിക്കാം !

       കണ്ണുകളില്‍ ജിജ്ഞാസ കലര്‍ന്ന പരിഭവം ഭാവിച്ചു ഞാന്‍ വിളിച്ചു ; "ഡാഡി എന്താ ഡാഡി ഇത് ! ആരാ ഈ  ഗിരിജ !" അതുവരെ അനങ്ങാതെ  കിടന്ന അച്ഛന്ടെ ഭാഗത്ത്‌ നിന്നും കിട്ടിയ ഒരു മൂളല്‍ എന്ടെ വിജയത്തിന്ടെ ആദ്യത്തെ ചവിട്ടു പടി ആയി കണ്ട് ഞാന്‍ അടുത്ത പടവുകള്‍ ചവുട്ടി തുടങ്ങി. വീണ്ടും മുന്‍പ് വിളിച്ചതിനേക്കാള്‍ ഉച്ചത്തില്‍ വിളിച്ചു: " ഡാഡി എണീക്ക് ഡാഡി, സത്യം പറ ആരാ ഈ ഗിരിജ , എന്തൊക്കെയ ഡാഡി ഉറക്കത്തില്‍ വിളിച്ചു പറയുന്നത്! ഇത്തവണ സംഗതി ഏറ്റു . അച്ഛന്‍ ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു , മാത്രമല്ല ഒറ്റയടിക്ക് ഉറക്കം പമ്പ കടക്കുകയും ചെയ്തു. വിജയശ്രീ ലാളിത ആയ സന്തോഷത്തില്‍ അച്ഛന്ടെ മുഖത്ത് നോല്‍ക്കാന്‍ ഞാന്‍ മറന്നു. അപ്പോഴുണ്ട് ജിജ്ഞാസ കലര്‍ന്ന പരിഭ്രമത്തോടെ അച്ഛന്‍ എന്നോട് ചോദിക്കുന്നു : " മോളെ ഞാന്‍ എന്താ പറഞ്ഞെ ? നീ എന്താ കേട്ടെ ? ങേ ! " ആ ചോദ്യത്തില്‍ എന്തോ ഒരു വശ പിശക് മണമില്ലേ! ഇതേ തോന്നല്‍ അന്ന് എനിക്കും ഉണ്ടായി, കാരണം ഈ ചോദ്യ ശരങ്ങള്‍ ഉയര്‍ത്തിയ അച്ഛന്ടെ കണ്ണുകളിലെ ഞെട്ടല്‍ സത്യം പറയാമല്ലോ അപാരമായിരുന്നു. പച്ചാളം ഭാസി കണ്ടിരുന്നെങ്കില്‍  പുള്ളിക്കാരന് പത്താമത് ഒരു ഭാവവും കൂടി കിട്ടുമായിരുന്നു. എന്തായാലും സിംഹതിന്ടെ മടയില്‍ അകപ്പെട്ട മുയലിന്ടെ അവസ്ഥ ആയി അച്ഛന്. മുന്നില്‍ ചാടി വീണ ഇരയെ വെറുതെ വിട്ടു കളയാന്‍ എനിക്കും തോന്നിയില്ല. രണ്ടും കല്‍പ്പിച്ചുകൊണ്ട് ഞാന്‍ ഉറച്ച ആത്മ വിശ്വാസം നടിച്ചു  പറഞ്ഞു :"ആഹ് ഡാഡി എന്താ വിളിച്ചത് ഗിരിജ എന്നോ , എന്തൊക്കെയ വിളിച്ചു പറഞ്ഞതെന്ന് വല്ല ഓര്‍മയും ഉണ്ടോ ?" എന്തോ പറയാന്‍ ഭാവിച്ച അച്ഛന് സംസാരിക്കാനുള്ള അവസരം കൊടുക്കാതെ ഞാന്‍ വീണ്ടും കല്ല്‌ വച്ച നുണ പറഞ്ഞു തുടങ്ങി , "സത്യം പറ ഡാഡി ആരാ ഈ ഗിരിജ, എന്നെ അങ്ങനെ പറ്റിക്കാം എന്ന് വിചാരിക്കണ്ട ഉറക്കത്തില്‍ ആണെങ്കില്‍  പോലും ഇങ്ങനെയൊക്കെ ആണോ വിളിച്ചു പറയുന്നത് " അച്ഛന്ടെ മുഖത്ത് നോക്കിയാല്‍ നുണ പറയാനുള്ള ധൈര്യം  നഷ്ട്ടപ്പെട്ടാലോ എന്ന് ഭയന്ന് ദൂരെ മതിലിന്ടെ ഒരു കോണിലേക്ക് നോക്കി ഇല്ലാത്ത ദേഷ്യം നടിച്ചു ഒറ്റശ്വാസത്തില്‍ ഇത്രയും പറഞ്ഞു തീര്‍ത്തു അച്ഛന്ടെ മുഖത്തേക്ക് നോക്കിയപ്പോ ! അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര് ഇല്‍ ബിന്‍ ലാദന്‍ പ്ലെയിന്‍   ഇടിച്ചു ഇറക്കിയത് അറിഞ്ഞ്‌ ജോര്‍ജു ബുഷിന്ടെ  മുഖത്തും ഇതേ ഭാവമാണോ വന്നിരിക്കുക എന്ന് ഞാന്‍ ഒരു നിമിഷം സംശയിച്ചു പോയി.. പക്ഷെ അച്ഛന്ടെ പോലീസെ ബുദ്ധിക്കു മുന്നില്‍ പിടി കൊടുക്കാതിരിക്കാന്‍ ശക്തനായ പോരാളിയെ പോലെ ഞാന്‍ വീണ്ടും തിരിച്ചു വന്നു.

                       ഈ സംഭവ വകസങ്ങള്‍ക്ക് സാക്ഷിയാകുന്ന രണ്ടു ആത്മാക്കളെ കുറിച്ച് എനിക്ക് അപ്പോഴാണ് ബോധം വന്നത് . അവരെയും എന്ടെ ചൂഷണത്തിന് ബലിയാടാക്കാന്‍ ശ്രമിച്ചു. അവരും അച്ഛന്ടെ ഞെട്ടല്‍ കണ്ട് സ്തബ്ധരായി   ഇരിക്കുകയാണ്. അമ്മയെ ആയുധമാക്കാന്‍ തീരുമാനിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു " മമ്മി സത്യം പറ മമ്മി കേട്ടില്ലേ " അമ്മയുടെ മുഖത്ത് ചിരിയാണോ  ഞെട്ടല്‍ ആണോ എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല. ഉടനെ അനിയനിലേക്ക് തിരിഞ്ഞു ടാ നീ കേട്ടില്ലേ! അവന്‍ മൌനമായി  എന്നെ അനുകൂലിക്കുന്നത് പോലെ തോന്നി. അമ്മയുടെ സഹകരണവും കൂടി ഉറപ്പിക്കാന്‍ അമ്മയുടെ നേര്‍ക്ക്‌ തിരിഞ്ഞു ഞാന്‍ ഒന്ന് കണ്ണിറുക്കി കാണിച്ചു. വീണ്ടും അച്ഛന്ടെ നേര്‍ക്ക്‌ തിരിഞ്ഞു "ഇനിയെങ്കിലും പറ ഡാഡി ആരാ ഈ ഗിരിജ" അച്ഛന്‍ നിസഹായനായി അമ്മയെ ഒന്ന് നോക്കി. അമ്മയുടെയും  അനിയന്ടെയും സഹകരണവും അഭിനയവും , അച്ഛന്ടെ ഞെട്ടലും കണ്ട് എനിക്ക് തന്നെ സംശയമായി യഥാര്‍ത്ഥത്തില്‍ അച്ഛന്‍ ഗിരിജ എന്ന് വിളിച്ചു കാണുമോ! അമ്മയും അനിയനും അത് കേട്ട് കാണുമോ! പക്ഷെ എന്ത് ചെയ്യാം ഏതോ ഒരു ദുര്‍ബല  നിമിഷത്തില്‍ സംവിധായികയായ ഞാന്‍ കട്ട് പറയാനുള്ള ക്ഷമ കാണിക്കാതെ അമ്മ അഭിനയം നിര്‍ത്തി. അച്ഛന്‍ പിടിക്കപ്പെട്ടത് കണ്ടിട്ട് എന്നത് പോലെ അമ്മയുടെ മുഖത്ത് എവിടെ നിന്നോ ഒരു ചെറു ചിരി മൊട്ടിട്ടു, ഇത് കണ്ടതും പി പി രവീന്ദ്രന്‍ ഒരു  പോലീസുകാരന്‍ ആകാന്‍ ഭാവിച്ചു. ഗംഗ നാഗവള്ളി ആയ വേഗത്തില്‍ , അംബി അന്യന്‍ ആയ വേഗത്തില്‍ അച്ഛന്‍ പോലീസുകാരനായി.

              അമ്മയുടെ നേര്‍ക്ക്‌ തിരിഞ്ഞു കൊണ്ട് അച്ഛന്‍ ചോദിച്ചു, " സത്യം പറ നീ അല്ലേ പിള്ളേര്‍ക്ക് ആവശ്യമില്ലതതൊക്കെ പറഞ്ഞു കൊടുക്കുന്നത്. " പാവം അമ്മ ചിരിയടക്കാന്‍  ശ്രമിച്ചു കൊണ്ട് നിസഹയയായിപ്പറഞ്ഞു "ഞാന്‍ എന്ത് പറഞ്ജൂന്നാണ് നിങ്ങള്‍ ഈ പറയുന്നത്!" ammayUDETHAANU   ഈ നാടകത്തിനു പിന്നിലെ കറുത്ത കൈകള്‍ എന്ന് അച്ഛന്‍ ഉറപ്പിച്ചു , വെറുതെയാണോ ഏതു പോലീസുകാരനും ഒരു അബത്തം പറ്റും എന്ന് പറയുന്നത്. അമ്മതന്നെയാണ് ഈ പേര് പറഞ്ഞു തന്നത് എന്ന ഭാവത്തില്‍ ഞാനും അമ്മയെ നോക്കി ഇളിച്ചു നിന്നു. കോപാകുലനായ അച്ഛന്‍ ഏതോ ഒരു വലിയ അപരാധം പിടിക്കപ്പെട്ടു അതും വിശ്വസനീയ മായ കരങ്ങളില്‍ നിന്നും വിവരം ചോര്‍ന്നു എന്ന സങ്കടത്തോടെ ചാടി എഴുന്നേറ്റു. അത് കണ്ടപ്പോ ഒരു സ്ഫടികം ജോര്‍ജ് ആയി അച്ഛന്‍ മാറുമോ എന്ന് ഞാന്‍ സംശയിച്ചു. ആട് തോമ യായി അച്ഛനെ പിടിച്ചു കെട്ടാന്‍ മാത്രമുള്ള ആരോഗ്യം അന്ന് അനിയന് വന്നിട്ടില്ല.

                   രംഗം വഷളാകുന്നതിനു മുന്‍പ് ബുദ്ധിപരമായ സമീപനം ആവശ്യമാണെന്നു മനസിലാക്കി ദൈവം അനുഗ്രഹിച്ചു തന്ന ഉള്ള കുറുക്കു ബുദ്ധി പ്രയോഗിച്ചു, സമയത്തിന്ടെ  കടന്നാക്രമണം അച്ഛനെ മനസിലാക്കാന്‍ ശ്രമിച്ചു കൊണ്ടും സമയത്തിനു ഓഫീസിലെത്താന്‍ ഞാന്‍ ഒപ്പിച്ച പുതിയ തന്ത്രമാണെന്ന് പറഞ്ഞും എങ്ങിനെയൊക്കെയോ സംഗതി  ഞാന്‍ ഒതുക്കി തീര്‍ത്തു!
               
               വലിയൊരു സുനാമി , ചെറിയ ഒരു വെള്ളപ്പോക്കത്തിന്ടെ  രൂപത്തില്‍ അവസാനിച്ചതു പോലെ എനിക്ക് തോന്നി. അപ്പോഴും ആ ഗിരിജ ആര് എന്ന സംശയം ബാക്കി നില്ക്കുണ്ടല്ലേ! ഇതേ സംശയം എന്നെയും അലട്ടി. പല രീതിയില്‍ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടും അമ്മയുടെ വായില്‍ നിന്നും ഒരു തുമ്പും കിട്ടിയില്ല. അച്ഛന്ടെ വിശ്വസ്തയായ രഹസ്യ സൂക്ഷിപ്പ്കാരിയാണ് എന്ന് അവര്‍ വീണ്ടു തെളിയിച്ചു. വിട്ടു കൊടുക്കാന്‍ ഭാവിക്കാതെ ഒരു ഷെര്‍ലക് ഹോംസ് ആവാന്‍ ഞാന്‍ നെട്ടോട്ടമോടി വിഷമിക്കുന്നത് കണ്ട് ഒടുവില്‍ അച്ഛന്‍ തന്നെ കാര്യം വിളിച്ചു പറഞ്ഞു തന്നു! പണ്ട് പഠിച്ചു കൊണ്ടിരുന്ന കാലത്ത് അദ്ദേഹത്തിന് ഉണ്ടായ പുഷ്പ്പിക്കാതെ പോയ ഒരു പ്രണയം, ആ കഥയിലെ നായികയാണ് ഗിരിജ.
കുറ്റവാളി നേരിട്ട് വന്നു കീഴടങ്ങിയ ഒരു സന്തോഷമായിരുന്നോ അന്നെനിക്ക് ആ ആര്‍ക്കറിയാം, എന്റെ അച്ഛന് പ്രണയമോ! മറ്റുള്ളവരുടെ മുന്നില്‍ വലിയ ഗവുരവക്കാരനായ അച്ഛന് പ്രണയിക്കാനും അറിയാമായിരുന്നല്ലോ! എന്ന് ഞാന്‍ ആശ്വസിച്ചു. അത് വെറും ഒരു ആശ്വാസമായിരുന്നോ    അതോ എന്നെങ്കിലും ഒരു പ്രണയ ക്കുരുക്കില്‍ പെട്ടാല്‍ അച്ഛന്ടെ മുന്നില്‍ നീട്ടാനുള്ള തുറുപ്പു ഗുലാന്‍ ആയിരുന്നോ!

                    കുറച്ചു  വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന്‍ ജോലിയില്‍ നിന്ന് വിരമിച്ചു നാട്ടില്‍ ഒരു ചെറിയ ചായക്കടയും      ( കൂട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പെരുമ്പളത്തെ 5 സ്റ്റാര്‍ ഹോട്ടല്‍ ), കൃഷിയും ആയി കൂടി. ഒരു ഞായറാഴ്ച പതിവില്ലാതെ മൂളിപ്പാട്ടും  പാടി
വീട്ടിലേക്കു കയറിയ  അച്ഛന്ടെ പിന്നാലെ ഞാന്‍ കൂടി, ന്യൂസ്‌ പിടിക്കാന്‍ തന്നെ  പുറകെ കൂടിയാതാണെന്ന് പോലീസുകാരന് പെട്ടന്ന് തന്നെ കത്തി. ചോദ്യം ചോദിച്ചും കിട്ടിയ ഉത്തരം എല്ലാവരുടെ അടുത്തും എത്തിച്ചും ഞാന്‍ ബുദ്ധിമുട്ടുന്നത് കാണാന്‍ ഇഷ്ട്ടമില്ലത്തത് കൊണ്ടാണോ എന്തോ അമ്മയെയും അനിയനേയും കൂടി വിളിച്ചിരുത്തി അച്ഛന്‍ കാര്യം പറഞ്ഞു, " അതെ ഇന്ന് ഗിരിജ നമ്മുടെ കടയില്‍ വന്നിരുന്നു. ഞാന്‍ ചായയൊക്കെ കൊടുത്തു. " അവരിപ്പോ എവിടാ ഡാഡി ഞാന്‍ വീണ്ടും ചോദ്യ ശരങ്ങള്‍ എറിഞ്ഞു തുടങ്ങി. "അവര്‍ തിരിച്ചു പത്തനംതിട്ടയിലേക്ക്
പോയി. അവിടെക്കാ അവരെ കെട്ടിച്ച് അയച്ചതെ!  അവിടെ ഒരു സ്കൂളിലെ പ്രിന്‍സിപ്പാള ഇപ്പൊ . " അച്ഛന്ടെ മുഖത്ത് ഒരു സന്തോഷം നൂറു വാട്ടിന്ടെ ബള്‍ബ് ഇട്ടതു  പോലെ. വീട്ടില്‍ അച്ഛനെ കളിയാക്കിക്കൊണ്ടുള്ള ബഹളവും
ചിരിയും  നിറഞ്ഞ ചില നിമിഷങ്ങള്‍ സമ്മാനിച്ച്‌ കൊണ്ട് അന്നത്തെ ദിവസവും കടന്നു നീങ്ങി.

                            ഇന്ന് ഓര്‍ത്തു ഓര്‍ത്തു ചിരിക്കാനും ചിന്തിക്കാനും അനുഭവങ്ങളുടെ ഒരു വലിയ പാഠ പുസ്തകം സമ്മാനിച്ച്‌ കൊണ്ട് അച്ഛനും യാത്രയായി. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതമായി തോന്നുന്നത് ഒന്ന് മാത്രം! വര്‍ഷങ്ങള്‍ക്കു  മുന്‍പ് "ഗിരിജ" എന്ന പേര് എങ്ങിനെ എന്‍ടെ നാവിന്‍ തുമ്പില്‍ വന്നു വീണു!!!